
തിരുവനന്തപുരം: പാതിവില തട്ടിപ്പ് കേസിൽ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത സായി ഗ്രാം ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ കെഎൻ ആനന്ദകുമാറിനെ ഈ മാസം 26 വരെ റിമാൻഡ് ചെയ്തു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആനന്ദ് കുമാറിനെ തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റിമാൻഡ് ചെയ്തത്. ആശുപത്രിയിൽ നിന്നും ആനന്ദ് കുമാറിനെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റും.
ഈ മാസം 26ന് രാവിലെ 11മണിക്കകം ആനന്ദകുമാറിനെ കോടതിയിൽ ഹാജരാക്കണമെന്നാണ് റിമാന്റ് ഉത്തരവിൽ കോടതി നിർദേശിച്ചിരിക്കുന്നത്. നിലവിൽ ചികിത്സയിൽ കഴിയുന്ന ആനന്ദകുമാറിന്റെ തുടർ ചികിത്സയുടെ കാര്യങ്ങൾ മൂവാറ്റുപുഴ സബ് ജയിൽ സൂപ്രണ്ടിന് തീരുമാനിക്കാമെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെയാണ് ആനന്ദകുമാറിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആനന്ദ് കുമാർ ഇടക്കാല ജാമ്യത്തിന് അപേക്ഷിച്ചിരുന്നെങ്കിലും ലഭിച്ചിരുന്നില്ല.











